Share this Article
അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്‌
വെബ് ടീം
posted on 09-06-2023
1 min read
High Court provide police protection to Amal Jyothi College of Engineering

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഒരുമാസത്തേക്ക് സംരക്ഷണം ഉറപ്പാക്കണം. മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.

വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എന്‍ നാഗരേഷാണ് ഹര്‍ജി പരിഗണിച്ചത്.കോളേജില്‍ സംഘര്‍ഷ സാധ്യത  നിലനില്‍ക്കുന്നുണ്ടെന്ന്‌ നിരീക്ഷിച്ച കോടതി ഒരുമാസത്തേക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.


കോളേജിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണം. പ്രവേശന നടപടികള്‍ തടസപ്പെടരുത്. അധ്യാപകര്‍ക്കും സ്റ്റാഫിനും വിദ്യാര്‍ഥികള്‍ക്കും തടസ്സമില്ലാതെ കോളജിനകത്ത്  പ്രവേശിക്കാനും പുറത്തു പോകാനും കഴിയണം,കോളജ് തിങ്കളാഴ്ച തുറക്കും, സമരം തീര്‍ന്നിട്ടില്ല, പ്രവേശനം തടയാന്‍ സാധ്യത ഉണ്ട്, മന്ത്രിതല ചര്‍ച്ചയില്‍ ഒപ്പിട്ട കരാറില്‍ മാനേജ്‌മെന്റ് ഒപ്പിട്ടെങ്കിലും വിദ്യാര്‍ഥി യൂണിയനുകള്‍ ഒപ്പിട്ടിട്ടില്ലെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചതായും നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ ബോധിപ്പിച്ചു.വിദ്യാര്‍ഥി യൂണിയനുകള്‍ക്കടക്കം കോടതി നോട്ടീസയച്ചു. കേസ് ഒരുമാസത്തിന് ശേഷം പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories