കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് നിഹാല്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നിഹാലിനെ കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കാണാതായതോടെ കുട്ടിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. എട്ടുമണിക്ക് ശേഷം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
നിഹാലില്‍ സംസാരശേഷിയില്ലായിരുന്നു. ഒപ്പം ഓട്ടിസത്തിന് ചികിത്സയിലുമായിരുന്നു. ശരീരത്ത് ആസകലം വലിയ രീതിയില്‍ കടിയേറ്റിരുന്നു. മുഖത്തും കാലിലും ഗുരുതരമായി കടിയേറ്റ കുട്ടി രക്തം വാര്‍ന്നാകാം മരിച്ചതെന്നാണ് നിഗമനം.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു.