തനിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണം തള്ളി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ.ആരോപണത്തിന് പിന്നില്‍ സിപി ഐഎം ആണെന്ന് സുധാകരൻ പറഞ്ഞു. ഗോവിന്ദന് എങ്ങനെയാണെന്ന് രഹസ്യമൊഴി കിട്ടിയതെന്ന് സുധാകരൻ ചോദിച്ചു. മനസാ വാചാ അറിയാത്ത കാര്യമാണ് ഇതെന്നും സുധാകരൻ പറഞ്ഞു.
തന്നെ അപമാനിച്ച ഗോവിന്ദനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, എം വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നു. വിചാരണ സമയത്ത് പെണ്‍കുട്ടിയുടെ മൊഴി എന്ത് കൊണ്ട് എടുത്തില്ലെന്ന് സതീശന്‍ ചോദിച്ചു . അന്നൊന്നും കെ സുധാകരന്റെ മൊഴി എടുത്തിട്ടില്ല. ഇപ്പോഴാണ് ദേശാഭിമാനി ഈ വാര്‍ത്ത കൊടുക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
താൻ പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി എന്നായിരുന്നു എം വി ഗോവിന്ദൻ ആരോപിച്ചത്.
ആ കേസിൽ ചോദ്യം ചെയ്യാൻ സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നതെന്നും ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താൽപര്യമില്ലെന്നും ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.