കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരളവിഷൻ ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് റിയാസ് കെ എം ആറും മികച്ച ക്യാമറമാനുള്ള പുരസ്‌കാരം 24 ന്യൂസിലെ സീനിയർ ക്യാമറമാൻ പ്രവീൺ ധർമശാലയും കരസ്ഥമാക്കി. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി പി സതീഷ് കുമാറിനും മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം ദീപികയിലെ ഫോട്ടോഗ്രാഫർ രമേശ് കോട്ടൂളിക്കും ലഭിച്ചു. അച്ചടി മാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക് ലഭിച്ചു. ദൃശ്യ മാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം മീഡിയവൺ കരസ്ഥമാക്കി.
പുരസ്കാര ജേതാക്കൾക്ക് പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ പി ചെക്കുട്ടി, ടി സോമൻ, കെ പി രമേശ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 2023 മെയ് 12 മുതൽ 18 വരെയാണ് കോഴിക്കോട് ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിച്ചത്.