Share this Article
ജനങ്ങളിലേക്കിറങ്ങിയ മനുഷ്യസ്‌നേഹി; ‘കേരളം നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവെന്നും മോഹൻലാൽ
വെബ് ടീം
posted on 18-07-2023
1 min read
MOHANLAL REACT ON UMMAN CHANDI DEMISE

സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നു  നടൻ മോഹൻലാൽ. കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവായിരുന്നു. എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു.

വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’.. മോഹന്‍ലാല്‍ കുറിച്ചു.

കേരളം കണ്ട ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ എന്നും മുന്‍പില്‍ എഴുതിച്ചേര്‍ക്കാവുന്ന പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട, ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി വിടപറയുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമെന്ന് പറയാതാരിക്കാനാവില്ല. ജന്മനാടായ പുതുപ്പള്ളിയിലെ ജനത തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗവാര്‍ത്ത കേട്ടത് നിറകണ്ണുകളോടെയാണ്. ഇനി ഒരിക്കലും പുതുപ്പള്ളിയിലേക്ക് തിരിച്ചുവരാത്ത ഉമ്മന്‍ചാണ്ടി, പക്ഷേ ഒരു നാടിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ഓര്‍മകളില്‍ ജീവിക്കും.

പുലര്‍ച്ചെ നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories