തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധം വ്യാപിക്കാൻ എല്‍ഡിഎഫ്. 27ന് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോയിടത്തും കുറഞ്ഞത് ആയിരം പേരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും മുന്നണി യോഗത്തില്‍ തീരുമാനമായി. 27ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. 24ന് മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ചേരും.
രാജ്യത്ത് നിലനില്‍ക്കുന്ന മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഏക വ്യക്തി നിയമത്തെ കേന്ദ്രം ആയുധമാക്കുന്നെന്നും എല്‍ഡിഎഫ് വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് മാനവും മര്യാദയ്ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് മണിപ്പൂരിലുണ്ടായിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂരിലെ ക്രൂരതകളുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ് ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ഭീകര സാഹചര്യത്തില്‍ മനുഷ്യ മനസാക്ഷിയെ തട്ടിയുണര്‍ത്താനാണ് എല്‍ഡിഎഫ് പ്രതിഷേധവുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ കേരളീയം എന്ന പേരില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കാനും മുന്നണി തീരുമാനിച്ചു.