ലഖ്നൗ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽഓഗസ്റ്റ് മൂന്നിന് വിധി പ്രസ്താവിക്കും. അലഹബാദ് ഹൈക്കോടതിയാണ് വിധി പ്രസ്താവിക്കുക. സർവേക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്റ്റേ അതുവരെ തുടരും. ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ വാദം കേട്ടത്.
സർവേ നടപടികൾ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം സർവേ സംബന്ധിച്ച കടുത്ത സംശയങ്ങൾ ഇന്നലെ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ പ്രകടിപ്പിച്ചിരുന്നു. സർവേ നടത്തുന്ന മാർഗം കൃത്യമായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ഇന്നും ഹാജരായിരുന്നു.