കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 15 കാരിയായ പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ മുഖേന ക്ലാസ് ടീച്ചറും വിവരമറിഞ്ഞു.
സ്‌കൂള്‍ അധികൃതരാണ് വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂലായ് 12ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.
വിവരം അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി. കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.