കാരക്കാസ്:കാര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മിസ് വെനസ്വേല അരിയാന വേര(26) മരിച്ചു. ജൂലൈ 13-നാണ് അരിയാന ഓടിച്ചിരുന്ന കാര്‍ ഓര്‍ലാന്‍ഡോയിലെ ലേക്ക് ലോനയില്‍വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അരിയാന ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു അപകടം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 10 ദിവസത്തിനു ശേഷമായിരുന്നു അന്ത്യം.അറിയപ്പെടുന്ന മോഡല്‍ കൂടിയായിരുന്നു അരിയാന. ഈ വരുന്ന ഒക്ടോബറില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിന്‍ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് അരിയാന ആയിരുന്നു.
രണ്ടുമാസം മുന്‍പ് തന്റെ മരണാനന്തരചടങ്ങുകളെ കുറിച്ച് പറയുന്നൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അരിയാന പങ്കുവെച്ചിരുന്നു. അരിയാനയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ വലിയ ചർച്ചയായി. ഭാവിയിലെ എന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി എന്നെത്തന്നെ റെക്കോഡ് ചെയ്യുകയാണ്. കാരണം, എപ്പോഴും ഞാനാണ് വീഡിയോകള്‍ എടുക്കുന്നത്. എനിക്കു വേണ്ടി ആരും എടുത്തുതരാറില്ല എന്ന തലക്കെട്ടോടെ ആയിരുന്നു അരിയാന വീഡിയോ പങ്കുവെച്ചത്. മേയ് മാസത്തിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.