പത്തനംതിട്ട: പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ച് അബോധവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്ന് രാവിലെ ദമ്പതികളെ അയല്‍വാസികള്‍ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ അപകടനില തരണം ചെയ്തിട്ടില്ല.
ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് ഇവര്‍ എഴുതിവച്ചതെന്ന് കരുതുന്നു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പൊലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു. മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. എംബിബിഎസ് പൂര്‍ത്തിയാക്കിയ മകന്‍ നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.