കൊച്ചി: സൗദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. പരാതിക്കു പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്.
നിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അതിനിടെ ഷക്കീർ സുബാൻ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം.
കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരയായ യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്.