Share this Article
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി
വെബ് ടീം
posted on 26-09-2023
1 min read
Controversy over young woman death following delivery

ആലപ്പുഴ: വനിതാ –ശിശു ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി നാലു ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. 

ചികിത്സപ്പിഴവു മൂലമാണു മരണമെന്ന് ആരോപിച്ച ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

മണ്ണഞ്ചേരി പൊന്നാട് പുത്തൻപുരയ്ക്കൽ നിധീഷിന്റെ ഭാര്യ കുമരകം ചൂളഭാഗം തൈത്തറ പി.ആർ.രജിതയാണ്(33)  ഇന്നലെ ഉച്ചയോടെ മരിച്ചത്. 18 നാണ് രജിതയെ  വനിത–ശിശു  ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 

21ന് രാവിലെ 8 ന് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി.പ്രസവശേഷം രജിതയ്ക്കു ഹൃദയാഘാതമുണ്ടായെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ചാണ് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാണെന്നും നില അതീവ ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന്  4 ദിവസം വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തിയത്. നവജാത ശിശുവിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. രജിത മരിച്ച ശേഷം കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി.

ശസ്ത്രക്രിയയിലോ അനസ്തീസിയ നൽകിയതിലോ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നാണു ബന്ധുക്കളുടെ ആരോപണം. പരിശോധനകളുടെ ചെലവ് വഹിക്കാമെന്നു ചില ഡോക്ടർമാർ അറിയിച്ചതും സംശയമുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. ആരോഗ്യമന്ത്രിക്കു പരാതി നൽകാനാണു തീരുമാനം.

പ്രസവശസ്ത്രക്രിയയ്ക്കു ശേഷം രജിതയ്ക്കു ഹൃദയാഘാതം ഉണ്ടായെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും വനിതാ–ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ദീപ്തി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories