കോഴിക്കോട്: കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ ഗായിക റംല ബീഗം അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലിം വനിതയാണ് റംല ബീഗം.
ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.