കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിൽ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 7 വികസന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
വലിയ പദ്ധതികൾ സ്വകാര്യ മേഖലയിൽ മാത്രമേ വിജയിപ്പിക്കാനാകുവെന്ന ചിന്ത നിലവിലുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കപ്പെടുന്ന കാലമാണിതെന്നും എന്നാൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് നാലാം സ്ഥാനമാണെന്നും നിർമാണം ആരംഭിക്കുന്ന എയ്റോലോഞ്ച് 6 മാസത്തിനകം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ചയനുസരിച്ചാണ് പദ്ധതികൾ സജ്ജമാക്കിയിട്ടുള്ളത്. നിലവിലെ അന്താരാഷ്ട്ര ടെർമിനലിന്റെ വടക്കുഭാഗത്തുകൂടി പുതിയ ഏപ്രൺ നിർമിക്കും.15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രണിൽ എട്ട് പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് അന്താരാഷ്ട്ര ടെർമിനൽ വികസനം. ഇതോടെ വിമാന പാർക്കിങ് ബേയുടെ എണ്ണം 44 ആകും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് തറക്കല്ലിട്ടത്.
ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിവർഷ കാർഗോ ശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണാകും. നിലവിലെ കാർഗോ സ്ഥലം കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കും. യാത്രക്കാർക്ക് ഹ്രസ്വമായ വിശ്രമത്തിന് രണ്ടാംടെർമിനലിന് സമീപം ലക്ഷ്വറി എയ്‌റോ ലോഞ്ചിന് സൗകര്യമാകും. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്‌റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണമാണ് എയ്റോ ലോഞ്ചിനുള്ളത്.
വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ഡിജിയാത്ര സോഫ്‌റ്റ്‌വെയർ രൂപകൽപ്പന ചെയ്തത് സിയാൽ ഐടി വിഭാഗമാണ്. ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കും. ബെൽജിയത്തിൽനിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകളാണ് ഇവിടെ ഉപയോഗിക്കുക.
വിമാനത്താവള അഗ്‌നി രക്ഷാസേനയെ എയർപോർട്ട് എമർജൻസി സർവീസാക്കി ആധുനികവൽക്കരിക്കും. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേക്ക് വാങ്ങിയ രണ്ട് ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകൾ, മറ്റു ആധുനിക വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ഓപ്പറേഷണൽ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) എന്ന സംവിധാനം കൂടി ചേരും. വിമാനത്താവളത്തിന്റെ 12 കിലോമീറ്റർ സുരക്ഷാമതിലിൽ വൈദ്യുതവേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ കാമറകളും സ്ഥാപിച്ച് സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ കേന്ദ്രവുമായി ബന്ധപ്പെടുത്തും. സിയാൽ ഗോൾഫ് കോഴ്‌സിൽ വിനോദസഞ്ചാര സാധ്യതയുടെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെന്റർ എന്നിവയാണ് നിർമിക്കുന്നത്. ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പാക്കി നൂതനമായ യാത്രയ്‌ക്ക് സിയാൽ തുടക്കംകുറിക്കുകയാണ്.