ടെൽ അവീവ് : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽ അവീവ് വിമാനത്താവളത്തിൽ എത്തി ബൈഡനെ സ്വീകരിച്ചു.
നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ജോർദാനിലേക്ക് പോകുന്ന ബൈഡൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി,രാജാവ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം ഇസ്രയേലിന്റെ വാക്കുകളിൽ ജോ ബൈഡൻ വീണു എന്നായിരുന്നു ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തെ കുറിച്ച് ഹമാസ് വക്താവ് ഹാസെം ഖാസെമിന്റെ പ്രതികരണം. ‘‘ഗാസയിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോത്സുക നിലപാടാണ് ഗാസയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തികമുൾപ്പെടെയുള്ള സഹായം നൽകാനാണ് ബൈഡൻ എത്തുന്നത്. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഗാസയിലെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നിൽ രണ്ടും കുട്ടികളും സ്ത്രീകളുമാണ്’’.– ഖാസെം പറഞ്ഞു. ഖാസയിലെ ആശുപത്രിയിലുണ്ടായ അതിക്രമത്തെ ജോ ബൈഡൻ അപലപിച്ചിരുന്നു. മനുഷ്യരുടെ ജീവനാണ് യുഎസ് പ്രാധാന്യം നൽകുന്നതെന്നും കടുത്ത അമർഷമുണ്ടെന്നും ബൈഡൻ പ്രതികരിച്ചിരുന്നു.
അതേ സമയം ആശുപത്രി ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പങ്കു വച്ചു.നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത് ആശങ്കയുളവാക്കുന്നു. ഉത്തരവാദികളെ കണ്ടെത്തണമെന്നും മോദി.