ബെംഗളൂരു: കഴിഞ്ഞ അഞ്ച് ദിവസമായി ബെംഗളൂരു നിവാസികളെ ഭീതിയിലാഴ്ത്തിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പുലിയെ ബംഗളൂരു സൗത്തിലെ കുഡ്‌ലു ഗേറ്റിന് സമീപം കണ്ടെത്തിയത്. പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചെങ്കിലും ശ്രമം പരാജയമായിരുന്നു.
പുലിയെ മയക്ക് വെടിവയ്ക്കാൻ ശ്രമം നടത്തുന്നതിനിടെ മൃഗഡോക്ടർമാരെ പുലി ആക്രമിക്കുകയായിരുന്നു. ഇതിനിടെ പുലിയെ ഉദ്യോഗസ്ഥർ വെടിവച്ചുകൊല്ലുകയായിരുന്നു.
വെറ്ററിനറി ഡോക്ടർ കിരണിനേയും മറ്റൊരു ജീവനക്കാരനേയും ആക്രമിച്ച പുലി മറ്റൊരു ജീവനക്കാരനുമേൽ ചാടി വീഴുന്നതിനിടെ അദ്ദേഹം പ്രാണരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നെന്നാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്.എസ്.ലിംഗരാജ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.