മുംബൈ: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം മിന്നുമണി നയിച്ച ഇന്ത്യ എ ടീമിന് ഇംഗ്ലണ്ട് വനിത എ ടീമിനെതിരെ മൂന്ന് റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണെടുത്തത്. ബാറ്റെടുത്തവരിൽ ആർക്കും കാര്യമായ സംഭാവന നൽകാനാവാതിരുന്ന മത്സരത്തിൽ 32 പന്തിൽ 25 റൺസെടുത്ത ദിഷ കസാത്ത് ആണ് ടോപ് സ്കോറർ. ദിനേശ് വൃന്ദ, ജ്ഞാനനന്ദ ദിവ്യ എന്നിവർ 22 റൺസ് വീതവും കനിക അഹൂജ 19 റൺസും നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ മിന്നുമണി മൂന്ന് പന്തിൽ രണ്ട് റൺസെടുത്ത് പുറത്തായി.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എ ടീമിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹോളീ അർമിറ്റേജ് 41 പന്തിൽ 52ഉം സെറെൻ സ്മെയ്ൽ 32 പന്തിൽ 31ഉം മാഡി വില്ലിയേഴ്സ് 17 പന്തിൽ 20ഉം റൺസ് വീതമെടുത്തെങ്കിലും മറ്റുള്ളവർക്കൊന്നും പിന്തുണ നൽകാനായില്ല. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഒമ്പത് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന രണ്ട് പന്തിലും വിക്കറ്റ് വീണതാണ് സന്ദർശകർക്ക് തിരിച്ചടിയായത്. ഇന്ത്യക്കായി കശ്‍വീ ഗൗതം, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ട് വീതവും മിന്നുമണി, മന്നത്ത് കശ്യപ്, പ്രകാശിക നായിക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.