ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും. രാജ്യത്തെ സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെട്ട ഏക നഗരവും കോഴിക്കോടാണ്.
മിഠായിത്തെരുവിന്റെ മധുരം മാത്രമല്ല, സുരക്ഷിതത്വത്തിന്റെ കരുതലുമുണ്ട് കോഴിക്കോട് നഗരത്തിന്. അതാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ കോഴിക്കോടിന് സഹായകരമായതും. തദ്ദേശീയർക്ക് മാത്രമല്ല ഇവിടെയൊക്കെ എത്തുന്ന മറുനാട്ടുകാർക്കും കോഴിക്കോടിന്റെ ഈ സുരക്ഷിതത്വം നന്നായി അനുഭവപ്പെടാറുണ്ട്. കോഴിക്കോടുകാരല്ലെങ്കിലും തങ്ങൾക്ക് ഈ നഗരത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ലിംഗ ഭേദമില്ലാതെ ആർക്കും കോഴിക്കോട് നഗരത്തിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. കോഴിക്കോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി രാത്രി നഗരത്തിൽ എത്തുമ്പോൾ സുരക്ഷിതത്വമാണ് അനുഭവപ്പെട്ടിട്ടുള്ളത് മുതിർന്ന സ്ത്രീകളും പറയുന്നു.
കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വബോധവും ഇതിന് പ്രധാന ഘടകമായി.