Share this Article
image
മറിയക്കുട്ടി ഹൈക്കോടതിയില്‍, സർക്കാർ വിശദീകരണം നല്‍കണം
വെബ് ടീം
posted on 19-12-2023
1 min read
mariakkutty in highcourt

കൊച്ചി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി ഹൈക്കോടതിയില്‍. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മറിയക്കുട്ടി ഹര്‍ജി നല്‍കി. 

പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു. മറിയക്കുട്ടിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞു. അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെ വാര്‍ത്തയില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും ഖേദപ്രകടനത്തില്‍ പറഞ്ഞു.

മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിച്ചു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു.ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു.ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories