തിരുവനന്തപുരത്ത് ഡിജിപിയുടെ വീട്ടിലെ സുരക്ഷാ വീഴ്ചയിൽ മൂന്ന് പോലീസുകാർക്കെതിരെ നടപടി. മഹിളാമോർച്ച പ്രതിഷേധത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച ബറ്റാലിയൻ ഡിഐജിയുടെ ഉത്തരവ് പുറത്തിറങ്ങി. നടപടി പോലീസിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ഉത്തരവിൽ പറയുന്നു. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് എതിരെയാണ് നടപടി.
മാർച്ചിനിടെ മഹിളാ മോർച്ചാ പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. ഇത് സുരക്ഷാ വീഴ്ചയെന്നാണ് വിലയിരുത്തൽ. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതും വീഴ്ചയായി. പിന്നീടാണ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയത്. മ്യൂസിയം എസ് ഐ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് മാധ്യമ പ്രവർത്തകർക്കെതിരെയും കേസ് എടുത്തു. പോലീസിന്റെ നിർദേശം മറികടന്ന് ക്യാമറയുമായി ഡിജിപിയുടെ വസതിയിലേക്ക് കയറിയത് കുറ്റകരമായ പ്രവർത്തിയാണെന്ന് മ്യൂസിയം എസ് ഐ നൽകിയ റിപ്പോർട്ടിൽ പറയുന്നു.