അലക്സി നവല്‍നി ജീവനോടെയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും വലിയ വിമര്‍ശകനായ നവല്‍നി ജീവനോടെയുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചതായി അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .അതീവ സുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന നവല്‍നിയെ കാണാതായെന്നും ജീവനോടെയുണ്ടോയെന്ന് ഉറപ്പില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. നവല്‍നിയുടെ അഭിഭാഷകര്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹത്തിന്റെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
എന്നാല്‍ ആര്‍ട്ടിക് സര്‍ക്കിളിനോടടുത്തു സ്ഥിതി ചെയ്യുന്ന ഖാര്‍പ്പ് പട്ടണത്തിലെ ജയില്‍ സമുച്ചയത്തിലാണ് നവല്‍നിയുള്ളതെന്ന് അദ്ദേഹത്തിന്റെ വക്താവ് കിര യാര്‍മിഷ് അറിയിച്ചു.ശീതകാലത്ത് താപനില -28 വരെയെത്തുന്ന ഖാര്‍പ്പിലെ ജയില്‍ സമുച്ചയം , ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.മാര്‍ച്ചില്‍ നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് നവല്‍നിയെ ഇവിടേക്ക് മാറ്റിയത് പുറം ലോകവുമായി ആശയവിനിമയം നടത്താന്‍ നവല്‍നിക്ക് അവസരം നല്‍കാതിരിക്കാനുള്ള നീക്കമാണ് ഈ ജയില്‍മാറ്റം.