ഫോര്‍മുല വണിലെ പകരം വയ്ക്കാനില്ലാത്ത പോരാളി. കാറോട്ട മത്സരത്തില്‍ വേഗത്തിന്റെയും അടങ്ങാത്ത വിജയ തൃഷ്ണയുടെയും പര്യായമായി മാറിയ മൈക്കല്‍ ഷൂമാക്കര്‍.പത്തു വര്‍ഷം മുന്‍പ് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ കോമയില്‍ മറഞ്ഞു പോയ ഷൂമിയുടെ 55 ആം ജന്‍മദിനമാണിന്ന്.
റേസിംഗ് ട്രാക്കില്‍ പ്രകാശരശ്മികളുടെ വേഗത്തോട് മത്സരിച്ച മൈക്കല്‍ ഷൂമാക്കര്‍.1969 ജനുവരി 3നു ജര്‍മനിയില്‍ ജനിച്ച മൈക്കല്‍ ഷൂമാക്കര്‍ ചെറുപ്പത്തില്‍ത്തന്നെ അവിടത്തെ ഗോകാര്‍ട്ട് സര്‍ക്യൂട്ടിലിറങ്ങി.1994ല്‍ ആദ്യ ഫോര്‍മുല വണ്‍ കിരീടം ചൂടി ഷൂമാക്കര്‍ തന്റെ ദിനങ്ങള്‍ വരവായി എന്നു പ്രഖ്യാപിച്ചു.306 റേസുകള്‍, 91 ഗ്രാന്‍പ്രി വിജയങ്ങള്‍, 7 ലോക കിരീടങ്ങള്‍.പിന്നീടങ്ങോട്ട് ലോകം കണ്ടത് കാറ്റിനെയും പിന്നിലാക്കി കുതിച്ച ഷൂമിയുടെ തേരോട്ടം. പ്രോഫഷണല്‍ ഫോര്‍മുല റേസിംഗില്‍ വേഗത 300 കിലോമീറ്ററിനു മുകളിലാണ്.ഒരു ബുള്ളറ്റ് ട്രയിനിന്റെ വേഗം.
കണക്കുകൂട്ടല്‍ അണുവിട തെറ്റിയാല്‍ കാത്തിരിക്കുന്നത് മരണം, അല്ലെങ്കില്‍ ജീവനും മരണത്തിനും ഇടയില്‍.എന്നാല്‍ ടാക്കിലെ വേഗത്തിന്റെ കണിശതയും വളവുകളിലെ മാസ്മരികതയും ഷൂമിയെ എഫ് വണിന്റെ ചക്രവര്‍ത്തിയാക്കിട്രാക്കില്‍ ചോര വീഴ്ത്താതെ ഓട്ടം പൂര്‍ത്തിയാക്കിയ ഷൂമിയുടെ വേഗത്തിന് പൂട്ടിട്ടത് ആല്‍പ്‌സിലെ മഞ്ഞ് മലകളായിരുന്നു.സ്‌കീയിങ്ങിനിടെ തലയോട്ടി തകര്‍ന്ന് ആറു മാസം കോമയില്‍ , നിരവധി ശസ്ത്രക്രിയയകള്‍ക്കും ആശുപത്രി വാസത്തിനും ശേഷം ജനീവയിലെ തടാകക്കരയിലുള്ള വസതിയിലാണ് ഷൂമിയിപ്പോള്‍.ട്രാക്കിനു പുറത്ത് 55ആം പിറന്നാള്‍ ആഘോഷിക്കുമ്പോഴും തെളിവിനും ഇരുളിനുമിടയിലുള്ള അവസാന ഓട്ടത്തിലാണ് ഷൂമി. വരും ദിവസങ്ങളില്‍ ഷൂമാക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടേക്കാം, ട്രാക്കില്‍ പുതിയ വേഗങ്ങള്‍ നിറഞ്ഞേക്കാം, എന്നാല്‍ എഫ് വണിലെ ഏറ്റവും മികച്ച സാരഥിയെന്ന പട്ടത്തിന് ഇളക്കം തട്ടില്ല, ട്രാക്കിലെ ഇരമ്പങ്ങളുള്ളിടത്തോളം കാലം അത് ഷൂമിയുടെതായിരിക്കും.