തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ കണ്ണിന് അസുഖം ബാധിച്ച വളർത്തു നായയെ ഉടമ റോഡിൽ ഉപേക്ഷിച്ചു.സംഭവം കണ്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നായക്ക് സംരക്ഷണം ഒരുക്കി..പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വെെകീട്ടായിരുന്നു സംഭവം..ചൊവ്വന്നൂർ സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന സമയത്താണ് നായയെ ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കല്ലഴി അമ്പലത്തിന് സമീപത്ത് വെച്ച് സിൽവർ കളർ ഫോർഡ് കാറിലെത്തിയ വ്യക്തിയാണ് നായയെ റോഡിൽ ഇറക്കിവിട്ടതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എട്ട് മാസത്തോളം പ്രായമുള്ള പോമറേനിയൻ ഇനത്തിൽപ്പെട്ട വളർത്തു നായയെയാണ് ഉടമ റോഡിൽ ഉപേക്ഷിച്ചത്. പിന്നീട് റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് പുറകെയെല്ലാം ഉടമയുടെ വാഹനമാണെന്ന് കരുതി വളർത്തുനായ ഓടി.
നായയുടെ ജീവന് ആപത്ത് സംഭവിക്കുമെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ നായയെ സമീപത്തെ വീട്ടിൽ കെട്ടിയിട്ടു. തുടര്‍ന്ന് ബിസ്ക്കറ്റ് വാങ്ങി നൽകിയ ശേഷം വിദ്യാര്‍ത്ഥികള്‍ വിവരം കുന്നംകുളം പോലീസിലും ചൊവ്വന്നൂർ പഞ്ചായത്തിലും അറിയിച്ചു. തുടർന്ന് ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.സുമേഷ് സ്ഥലത്തെത്തി..സുമേഷ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൃഗസ്നേഹി ഷബീബിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ നായ. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ശേഖരിച്ച് വളർത്തു നായയെ ഉപേക്ഷിച്ച ഉടമയെ കണ്ടെത്താൻ പഞ്ചായത്തും, പോലീസും ശ്രമം ആരംഭിച്ചു.