Share this Article
ശാന്തന്‍പാറയിലെ പാലം അപകടാവസ്ഥയില്‍; 7 പതിറ്റാണ്ട് പഴക്കമുള്ള പാലം പുനര്‍നിര്‍മിക്കുവാന്‍ നടപടിയില്ല
Bridge in Shantanpara is in danger; There is no action to rebuild the 7 decade old bridge

ഇടുക്കി ജില്ലയിൽ നവകേരള സദസ്സ് നടക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മുട്ടും തട്ടുമില്ലാതെ കടന്നുപോകുമോ എന്ന് അധികൃത സംശയിച്ച ഒരു പാലമുണ്ട് ശാന്തൻപാറയിൽ. 106 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാർ - കുമളി സംസ്ഥാനപാതയിൽ ശാന്തൻപാറക്ക് സമീപമാണ് 7 പതിറ്റാണ്ട് പഴക്കമുള്ള ഈ പാലം സ്ഥിതി ചെയ്യുന്നത്. അപകടാവസ്ഥയിലായ ഈ പാലം പുനർനിർമിക്കുവാൻ നടപടിയില്ല 

നവകേരള സദസിന്റെ അടിമാലിയിലെ പര്യടനത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് നെടുങ്കണ്ടത്തേക്ക് പോയത് ഈ വഴിയാണ്. അറ്റകുറ്റപണികൾ ഇല്ലാതെ അപകട കെണിയൊരുക്കി നിൽക്കുന്ന ഈ പാലത്തിൽ അധികൃതർ പലതവണ പരിശോധന നടത്തിയിരുന്നു. പൂപ്പാറയ്ക്കും ശാന്തൻ പാറയ്ക്കും ഇടയിലുള്ള ഈ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കാനുള്ള നടപടികൾ ഇഴയുകയാണ്. മൂന്നാറിൽ തുടങ്ങി നെടുങ്കണ്ടം, പുളിയന്മല, വണ്ടൻമേട് എന്നിവിടങ്ങളിലൂടെ കുമളിയിൽ അവസാനിക്കുന്ന എസ് എച്ച് 19 എന്നറിയപ്പെടുന്ന ഈ റോഡ് സംസ്ഥാന രൂപീകരണത്തിന് മുൻപ് ജില്ലയിൽ നിർമ്മിച്ച പ്രധാന പാതയാണ്.

1952 ലാണ് തിരു-കൊച്ചി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. ചന്ദ്രശേഖരപിള്ള ഈ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് ദേവികുളം - കുമളി റോഡ് എന്നറിയപ്പെടുന്ന ഈ പാതയിലെ ഏറ്റവും പഴക്കമുള്ള പാലമാണ് ശാന്തൻപാറയിലേത്. വർഷങ്ങൾക്കു മുൻപ് പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തിയത് മാത്രമാണ് ഇവിടെ നടത്തിയ ഏക നവീകരണ പ്രവർത്തനം . നിരവധി വാഹനാപകടങ്ങളാണ് ഈ പാലത്തിൽ ഉണ്ടായത്. ചരക്ക് വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ റോഡുകളെല്ലാം നന്നാക്കിയെങ്കിലും അപകടാവസ്ഥയിലായ ഇത്തരം പാലങ്ങൾ കൂടി പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories