ജമ്മു കശ്മീരില്‍ തീവ്രവാദം വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്‍ ശ്രമത്തെ ഇല്ലാതാക്കാന്‍ ഓപ്പറേഷന്‍ സര്‍വശക്തിയുമായി ഇന്ത്യന്‍ ആര്‍മി. പിര്‍ പഞ്ചല്‍, രജൗരി പൂഞ്ച് മേഖലകളിലെ തീവ്രവാദസാന്നിധ്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍വശക്തിയിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം.
ഒരിടവേളയ്ക്ക് ശേഷം പൂഞ്ച് രജൗരി മേഖലകളില്‍ തീവ്രവാദസാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍. 20 ല്‍ അധികം സൈനികരാണ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെയാണ് പിര്‍ പഞ്ചല്‍ പര്‍വത മേഖലകളിലെ ഇരുപാര്‍ശ്വങ്ങളിലുമായുള്ള പാക് തീവ്രവാദികളെ നേരിടാന്‍ ഓപ്പറേഷന്‍ സര്‍വശക്തിയുമായി ഇന്ത്യന്‍ ആര്‍മി നീങ്ങുന്നത്. ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്സും ഓപ്പറേഷന്‍ സര്‍വശക്തിയുടെ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഒപ്പം ജമ്മു കശ്മീര് പൊലീസ്, സിആര്‍പിഎഫ്, അടക്കമുള്ളവരും ഓപ്പറേഷന്‍ സര്‍വശക്തിയുടെ ഭാഗമാകും.
2003ല്‍ ആരംഭിച്ച ഓപ്പറേഷന്‍ സര്‍പവിനാശിന്റെ ഭാഗമായിരിക്കും പുതിയ സൈനിക നീക്കവും. പിര്‍ പഞ്ചല്‍ മേഖലയിലെ തീവ്രവാദി സാന്നിധ്യത്തെ തുരത്താന്‍ ആരംഭിച്ച സൈനിക നീക്കമായിരുന്നു ഇതും. 2003 ല്‍ അവസാനിപ്പിച്ച തീവ്രവാദ സാന്നിധ്യം വീണ്ടും ശക്തിപ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഉധംപൂരിലെ കരസേന ആസ്ഥാനവും നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡും സംയുക്തമായാണ് ഓപ്പറേഷന്റെ മേല്‍നോട്ടം വഹിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ സൈനിക മേധാവികളുമായി സുരക്ഷാ മീറ്റിങ് നടത്തിയതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സര്‍വശക്തി ആസൂത്രണം ചെയ്തത്.