നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടു പേരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് മെമ്പർ കരീം പഴങ്കൽ, പ്രാദേശിക നേതാവ് സണ്ണി കിഴക്കരകാട്ട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡി.സി.സി നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണം ഉയർന്നത്. മുഖാമുഖത്തിൽ ഒന്നാം റാങ്ക് നേടിയ ആൾ ജോലി വേണ്ടെന്ന് എഴുതി നൽകിയതിനെത്തുടർന്ന് രണ്ടാം റാങ്കുകാരിയായ കൂടരഞ്ഞി കൂമ്പാറ സ്വദേശിനിയെ നിയമിക്കാൻ കോഴ ആവശ്യപ്പെടുകയായിരുന്നു. കോഴയെ കുറിച്ച് പ്രാദേശിക കോൺഗ്രസ് നേതാവായ സണ്ണി കിഴക്കരകാട്ടിലിനോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറായ കരീം പഴങ്കൽ സംസാരിക്കുന്നതിന്റെ ഫോൺ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് കേരള വിഷൻ ന്യൂസ് ഉൾപ്പെടെ സംപ്രേഷണം ചെയ്തിരുന്നു.
ഇതേ തുടർന്ന് കോൺഗ്രസ് നിയമിച്ച അന്വേഷണ കമ്മീഷൻ എൻ.കെ.അബ്ദുറഹ്മാൻ മൂന്നുദിവസത്തിനകം അന്വേഷണം നടത്തി ഡി.സി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരീം പഴങ്കലിനെയും സണ്ണി കിഴക്കിരക്കാട്ടിനെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇരുവരുടെയും പ്രവർത്തികൾ കോൺഗ്രസ് പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്ന് വിലയിരുത്തിയാണ് നടപടി.