തൃശൂർ മരത്തംക്കോട് സ്വദേശിയായ സെജീറിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയേയും ഇയാളുടെ സഹായിയേയും എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം മണിമല സ്വദേശി രമേഷ്കുമാർ , ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മണിമല സ്വദേശി ജൂജിൻ എന്നിവരെയാണ് എസ്.ഐ കെ.അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതിയായ രമേഷ്കുമാറാണ് വാളുപയോഗിച്ച് സെജീറിനെ മാരകമായി വെട്ടിപരുക്കേൽപ്പിച്ചത്.14 കൊലപാതക ശ്രമവും, തട്ടിക്കൊണ്ട് പോകൽ, ലഹരി വസ്തുക്കളുടെ വിൽപ്പന ഉൾപ്പടെ 40 ൽ കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രമേഷ് കുമാർ. ഇയാളെ പിടികൂടുമ്പോൾ കത്തിയും നെഞ്ചക്കും ഉൾപ്പടെയുള്ള മാരാകായുധങ്ങൾ ഇയാളുടെ കൈവശമുണ്ടായിരുന്നു.
2023 സെപ്തമ്പർ 15-ാം തിയ്യതി രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ ആക്രമണമുണ്ടായത്. പന്നിത്തടത്ത് ചിക്കൻ സെൻ്റർ നടത്തുന്ന സെജീർ കടയ്ക്ക് മുന്നിൽ സുഹൃത്തിനോടും കുടുംബത്തോടും സംസാരിച്ച് നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം വാൾ ഉൾപ്പടെയുള്ള മാരാകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഒന്നും രണ്ടും മൂന്നും
പ്രതികളായ എയ്യാൽ സ്വദേശി രാഹുൽ, കൈപറമ്പ് സ്വദേശി സയ്യിദ് റഹ്മാൻ, വരന്തരപ്പിള്ളി സ്വദേശി പൂപ്പാറ സനോജ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലും സയ്യിദ് റഹ്മാനും സുഹൃത്തിൻ്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സെജീർ ചോദ്യം ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തതാണ് ആക്രമണത്തിന് കാരണം.
സെജീറിനെ കൊലപ്പെടുത്താൻ കൊടും ക്രിമിനലായ രമേഷ്കുമാറിന് മറ്റു പ്രതികൾ കൊട്ടേഷൻ നൽകിയിരുന്നു.കൃത്യത്തിന് ശേഷം മൈസൂരിലേക്ക് കടന്ന പ്രതി പിന്നീട് കോട്ടയം മണിമലയിൽ ഒളിവിൽ കഴിയുകയായിരുന്നു.മണിമല പോലീസിൻ്റെ സഹായത്തോടെയാണ് എരുമപ്പെട്ടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.എസ്.ഐ സി.ശ്രീകുമാർ, എ.എസ്.ഐ എ.വി.സജീവ്, പോലീസ് ഓഫീസർമാരായ കെ.ടി.അനിൽ, വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.