പുതുച്ചേരി ടൂറിസം വകുപ്പും കേരളവിഷനും ചേര്‍ന്നൊരുക്കുന്ന മയ്യഴി മഹോത്സവം ഫെബ്രുവരി 9ന് മാഹിയില്‍ നടക്കും. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി പങ്കെടുക്കുന്ന മഹോത്സവത്തില്‍ പ്രശസ്ത സംഗീതജ്ഞയും നര്‍ത്തകിയുമായ സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക് ഫെസ്റ്റാണ് പ്രധാന ആകര്‍ഷണം
നൃത്തവും സംഗീതവും വിവിധ കലാപരിപാടികളും അലയടിക്കുന്ന വലിയൊരു മഹോത്സവത്തിനാണ് മയ്യഴി ഒരുങ്ങുന്നത്. പുതുച്ചേരി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കേരളാവിഷൻ സംഘടിപ്പിക്കുന്ന ഏകദിന മയ്യഴി മഹോത്സവം ഫെബ്രുവരി 9 വൈകീട്ട് നാല് മുതല്‍ മാഹി കോളേജ് മൈതാനത്ത് അരങ്ങേറുമെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് അറിയിച്ചു. മഹോൽസവത്തിൽ
കേരളാവിഷൻ പുരസ്കാര ജേതാക്കളായ മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ, കാൽ നൂറ്റാണ്ട് കാലം മയ്യഴിയുടെ ജനപ്രതിധിയായിരുന്ന ഇ. വൽസരാജ് എന്നിവരെ ആദരിക്കും. പുതുച്ചേരി മുഖ്യമന്ത്രി എൻ. രങ്കസ്വാമി, ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ, തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന മയ്യഴി മഹോത്സവം മെഗാ ഷോയോടെയാണ് സമാപിക്കുക. പ്രശസ്ത പിന്നണി ഗായികയും സംഗീതസംവിധായകയും ഗാനരചയിതാവും ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയുമായ സിത്താര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള മെഗാ മ്യൂസിക് ഫെസ്റ്റാണ് മയ്യഴി മഹോൽസവത്തിന്‍റെ പ്രധാന ആകര്‍ഷണം.