ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ ജീവിതം നരകതുല്യമായെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസസ്. ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു യുദ്ധത്തിന്റെ അന്തരഫലം വിദ്വേഷം, വേദന, നാശം എന്നിവ മാത്രമാണെന്ന് ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു. യുദ്ധത്തിന്റെ ഫലമായി ഗാസ്സയില്‍ കൂടുതല്‍ ആളുകള്‍ പട്ടിണിയും രോഗവും മൂലം മരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നല്‍കി. എത്രയും പെട്ടെന്ന് പ്രശനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ നിര്‍ദേശിച്ചു.
അതേസമയം, ട്രെഡോസിന്റെ വാക്കുകള്‍ക്കെതിരെ ഇസ്രായേല്‍ അംബാസഡര്‍ മീരവ് ഐലോണ്‍ ഷഹറും രംഗത്തുവന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സമ്പൂര്‍ണ നേതൃപരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മീരവ് ഐലോണ്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴ് മുതല്‍ ലോകാരോഗ്യ സംഘടനക്ക് സംഭവിച്ച എല്ലാ തെറ്റുകളുടെയും ആള്‍രൂപമാണ് ഡയറക്ടര്‍ ജനറലിന്റെ പ്രസ്താവന. ഇസ്രായേലികളുടെ ബന്ദികളെക്കുറിച്ചോ ബലാത്സംഗങ്ങളെക്കുറിച്ചോ കൊലപാതകത്തെക്കുറിച്ചോ പരാമര്‍ശമില്ലെന്നും മീരവ് ഐലോണ്‍ കുറ്റപ്പെടുത്തി. ആശുപത്രികള്‍ക്ക് നേരെയുള്ള ഹമാസിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ലോകാരോഗ്യ സംഘടന കണ്ണടച്ചിരിക്കുകയാണ്. ഹമാസുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായും ഇസ്രായേല്‍ അംബാസഡര്‍ ആരോപിച്ചു.