ബീഹാറിലെ'ഓപറേഷന്‍ താമര' റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്. എം.എല്‍.എമാരെ പങ്കെടുപ്പിച്ചുള്ള നിയമസഭാ കക്ഷിയോഗത്തിന്റെ വീഡിയോയും ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. എന്‍ഡിഎ ജെഡിയു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതോടെ കോണ്‍ഗ്രസിന്റെ ഒന്‍പത് എം.എല്‍.എമാരെ കാണാനില്ലെന്നും നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിയമസഭാകക്ഷിയോഗം മാറ്റിവെച്ചെന്നും പിന്നീട് റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നത്.
എന്നാല്‍ ഇത് പൂര്‍ണമായും തള്ളിയ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ കക്ഷി യോഗം ചേര്‍ന്നതായി അറിയിക്കുകയായിരുന്നു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഇനിയും അങ്ങനെ തുടരുമെന്നും സംസ്ഥാന നേതൃത്വം എക്സില്‍ വ്യക്തമാക്കി. ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അജയ് കപൂര്‍, ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ്, തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.