കേരള സാഹിത്യാക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ നല്‍കിയ പ്രതിഫലത്തെക്കുറിച്ചാണ് ചുള്ളിക്കാട് വിമര്‍ശനം ഉന്നയിച്ചത്. എന്റെ വില എന്ന തലക്കെട്ടില്‍ സുഹൃത്തിന് അയച്ച കുറിപ്പിലാണ് വിമര്‍ശനം.
കേരളജനത തനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ ജനുവരി 30-ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാന്‍ അക്കാദമി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ സംസാരിച്ച ചുള്ളിക്കാടിന് പ്രതിഫലമായി അക്കാദമി നല്‍കിയത് 2400 രൂപ. എറണാകുളത്തുനിന്ന് തൃശൂര്‍വരെ ടാക്സിയില്‍ വന്നതിന് ചെലവായത് 3500 രൂപയാണ് എന്നും 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് നേടിയ പണത്തില്‍നിന്നാണെന്നും ബാലചന്ദ്രന്‍ചുള്ളിക്കാട് പറയുന്നു. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ താന്‍ ഇതുവരെ വന്നിട്ടില്ലെന്നും ഇനിയൊരിക്കലും വരികയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി ഇനി ബുദ്ധിമുട്ടിക്കരുതെന്നും വേറെ പണിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിച്ചു. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ കാര്യമാണെന്നും വ്യക്തിയുടെ കാര്യമല്ലെന്നുമായിരുന്നു സാഹിത്യാക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. മാന്യമായ പ്രതിഫലം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.