Share this Article
image
കശുവണ്ടി മേഖലയ്ക്ക് ഉണര്‍വേകി സംസ്ഥാന ബജറ്റ്
State budget wakes up for cashew sector

 കശുവണ്ടി മേഖലയ്ക്ക്  ഉണർവേകിയ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി കെ എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. ക്യാഷ്യു ബോർഡിന് 40 കോടിയും  സ്വകാര്യ  മേഖലയിൽ 30 കോടിയും  നീക്കി വെച്ചത് പ്രതിസന്ധിയിൽ ആയ കശുവണ്ടി  വ്യവസായ മേഖലയ്ക്ക്  ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഇതോടെ അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കാനും സാധ്യതയേറി. ഞങ്ങളുടെ കൊല്ലം ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട്.

 കേന്ദ്ര ബജറ്റിൽ  കശുവണ്ടി മേഖലയെ പാടെ അവഗണിച്ച സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റ് കശുവണ്ടി മേഖലയ്ക്ക് ഒരു കൈത്താങ്ങായിരിക്കുന്നത്. കേരളത്തിൽ കശുമാവ് കൃഷി കുറഞ്ഞ സാഹചര്യത്തിൽ കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഉൾപ്പെടെയുള്ള  പൊതുമേഖല സ്ഥാപനങ്ങൾക്ക്‌,തോട്ടണ്ടി വാങ്ങുന്നതിനായി 40 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

കശുവണ്ടി മേഖലയിൽ പണിയെടുക്കുന്നവരിൽ 90% സ്ത്രീകളാണ്. ഇതിൽ 60% സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവർ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിലൂടെ നാരി സൗഹൃദവും തൊഴിലാളികൾക്കൊപ്പം  ഇടതു സർക്കാർ ഉണ്ടെന്നു തെളിയിച്ചിരിക്കുകയാണെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.

 ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യമേഖലയിലെ കശുവണ്ടി വ്യവസായത്തിന് ബജറ്റിൽ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 30 കോടി രൂപയാണ്  സ്വകാര്യ മേഖലയിലെ വികസനത്തിനായി നീക്കിവെച്ചത്. സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പി എഫ്, ഇ എസ് ഐ ഉൾപ്പെടെയുള്ള  ആനുകൂല്യങ്ങൾക്ക്‌ സർക്കാർ പണം അടയ്ക്കും.

ഒരു തൊഴിലാളിക്ക് ഏകദേശം 50 രൂപയാണ് ഇത്തരത്തിൽ നൽകുന്നത്. സ്വകാര്യ മേഖലയിൽ   800 ലധികം ഫാക്ടറികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 300 ഓളം ഫാക്ടറികൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. 30 കോടി ധനസഹായം പ്രഖ്യാപിച്ചതോടെ സ്വകാര്യ മേഖലയിൽ   അടഞ്ഞുകിടക്കുന്ന ഫാക്ടറികളും തുറക്കാൻ വ്യവസായികൾ തയ്യാറാകും എന്നാണ് പ്രതീക്ഷ.

 കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിനായി രണ്ടുകോടി ഉൾപ്പെടെ 96.17 കോടി രൂപയാണ് കശുവണ്ടി മേഖലയിലെ വികസനത്തിനായി ധനസഹായം നൽകുന്നത്. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ ഈ പണം കൃത്യമായി നൽകിയാൽ മാത്രമേ ഈ മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയനാകുവെന്നതും ശ്രദ്ധേയമാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories