കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ പിടികൂടി. മനന്തവാടിയിൽ നിന്നും എത്തിയ സംഘം മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത് .കടുവയെ ആറളം ഭാഗത്തേക്ക് കൊണ്ടുപോകും .
ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയായിരുന്നു റബ്ബർ വെട്ടാൻ എത്തിയ യുവാവ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു സമീപത്തെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്.ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് മണത്തല സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘവും പോലീസും സംഭവസ്ഥലത്ത് എത്തി.
ജനവാസമുള്ള സ്ഥലമായതിനാൽ തന്നെ പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയാണ് കടുവയെ പിടുക്കൂടുവാനുള്ള നടപടികൾ ആരംഭിച്ചത്.മാനന്തവാടിയിൽ നിന്നും എത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കടുവയെ മയക്കുവെടി വെച്ചത്. ആദ്യ ഡോസിൽ തന്നെ കടുവ മയങ്ങിയിരുന്നു.
തുടർന്ന് കടുവയെ കൂട്ടിലേക്ക് മാറ്റി.കടുവയുടെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കമ്പിവേലിയിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതാകാം ഈ മുറിവുകൾ എന്നാണ് ഡോക്ടർമാരുടെ നിഗമനം.അനാപതോളം വനം വകുപ്പ് പോലീസ് ഉദ്യോഗസ്ഥർ ദൗത്യത്തിന് നേതൃത്വം നൽകി.