ഗോഡ്സെയെ പ്രകീർത്തിച്ച കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഒരാഴ്ചത്തെ സാവകാശം തേടി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. ഇതോടെ ഈയാഴ്ച ഷൈജയുടെ ചോദ്യം ചെയ്യൽ ഉണ്ടാകില്ല.
ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി ഘാതകൻ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട എൻഐടി അധ്യാപിക ഷൈജ ആണ്ടവനോട് ഇന്ന് അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഷൈജ ഇന്ന് ഹാജരായില്ല. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അസൗകര്യം അറിയിക്കുകയും ചെയ്തു.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരാഴ്ചത്തെ സാവകാശം അന്വേഷണ ഉദ്യോഗസ്ഥനായ കുന്നമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിനോട് തേടുകയും ചെയ്തു. ഇക്കഴിഞ്ഞ 11ന് ഷൈജ ആണ്ടവൻ താമസിക്കുന്ന ചാത്തമംഗലത്തെ വീട്ടിലെത്തി പൊലീസ് അവരെ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.
ഗോഡ്സെയെ പ്രകീർത്തിച്ചുള്ള ഷൈജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥി - യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കുന്നമംഗലം എസ്എഫ്ഐ ഏരിയ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 153 വകുപ്പ് പ്രകാരം ഷൈജിക്കെതിരെ കലാപാഹ്വാനത്തിന് കേസും എടുത്തിരുന്നു. ഇതിന്റെ തുടർനടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് കുന്നമംഗലം പൊലീസ്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സാഹചര്യത്തിൽ ഒരാഴ്ച കഴിഞ്ഞാകും ഷൈജ യെ ഇനി ചോദ്യം ചെയ്യുക.