ഒ.ടി.ടി പ്ലാറ്റ്‌ഫോം ഹൈറിച്ചിന് നാലരക്കോടി രൂപയ്ക്ക് വിറ്റെന്ന് വിവാദ വ്യവസായി വിജേഷ് പിള്ള. നിക്ഷേപ തട്ടിപ്പിലൂടെ ലഭിച്ച പണമാണോ ഇതെന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇയാള്‍ പറഞ്ഞു. ഹൈറിച്ച് ഉടമ കെഡി പ്രതാപനെ തുടര്‍ച്ചയായ മൂന്നാം ദിവസും ഇഡി ചോദ്യം ചെയ്യുകയാണ്.
ഹൈറിച്ച് ഉടമകളായ പ്രതാപനും, ശ്രീനയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് വ്യവസായി വിജേഷ് പിള്ളയെയും വിളിച്ചുവരുത്തിയത്. നിക്ഷേപ തട്ടിപ്പിലൂടെ ലഭിച്ച പണമാണ് ഹൈറിച്ച് ഉടമകള്‍ കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതാപനും, ശ്രീനയുമായി നാലരക്കോടി രൂപയുടെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇടപാട് നടന്നിട്ടുണ്ടെന്നും, ഒ ടി ടി യും അനുബന്ധ സോഫ്റ്റ് വെയറുകളും വിറ്റതിലൂടെ ലഭിച്ച പണം തട്ടിപ്പ് പണമാണോയെന്ന് അറിയില്ലെന്നും വിജേഷ് പിള്ള പറഞ്ഞു
ഹൈറിച്ച് കേസില്‍ ഉടമകളായ പ്രതാപനെയും, ശ്രീനയെയും ഇ ഡി തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവരെ ചോദ്യം ചെയ്തിരുന്നു. 482 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആര്‍.ബി ഐ യുടെ അനുമതി കൂടാതെ കമ്പിനി ഇറക്കിയതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 203 കോടി രൂപയുടെ സ്വത്ത് ഇ. ഡി മരവിപ്പിച്ചിട്ടുണ്ട്.