മലപ്പുറം എടവണ്ണപ്പാറയില്‍ ചാലിയാറില്‍ 17 വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. ഊര്‍ക്കടവ് സ്വദേശി സിദ്ദിഖ് അലിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകനായ സിദ്ദിഖ് അലിയെയാണ് പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. 17 വയസുകാരി കരാട്ടെ അധ്യാപകന്റെ നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.