ആറ്റുകാൽദേവിയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ വ്രതം നോറ്റ് കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. നഗരത്തില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു തുടങ്ങി. ദിനവും നിരവധി ഭക്തജനങ്ങളാണ് ദർശനം നടത്താൻ ക്ഷേത്രത്തിലേക്കെത്തുന്നത്.
ചൂട് പോലും വകവെയ്ക്കാതെയാണ് ഭക്തജനങ്ങൾ ആറ്റുകാൽ ദേവിയെ കണ്ട് തൊഴാൻ ഒഴുകിയെത്തുന്നത്. ദർശനം നടത്തി കിട്ടുന്ന നിർവൃതിക്കായി എത്ര ചൂടിനെയും അതിജീവിച്ച് കാത്തുനിൽക്കുകയാണ് ഭക്തർ.
പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെയാണ്, പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന്റേയും ബന്ധുജനങ്ങളെ സ്വീകരിക്കുന്നതിന്റേയും തിരക്കിലാണ് തലസ്ഥാനനഗരി. നഗരത്തില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു തുടങ്ങി, കൂട്ടത്തിൽ പേരെഴുതിയ പൊങ്കാല അടുപ്പുകളും ഇടംപിടിച്ച് കഴിഞ്ഞു. മൺകലങ്ങളും ചുടുകല്ലുകളും വിൽക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കാഴ്ചകളാണ് ചുറ്റും.
അതേസമയം പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്ര ട്രെസ്ററ് ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ പത്തരക്ക് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമാകും.
തുടർന്ന് രണ്ടരക്കാണ് പൊങ്കാല നിവേദിക്കുക. അതോടെ ആറ്റുകാൽ പൊങ്കാലക്ക് വിരാമമാകും. പിന്നെ ഒരു വർഷത്തേക്കുള്ള കാത്തിരിപ്പാണ്, ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് വീണ്ടും പൊങ്കാലയർപ്പിക്കാനുള്ള കാത്തിരിപ്പ്…