ഇടുക്കി ജില്ലയിൽ വരള്‍ച്ച രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു. തീറ്റയും വെള്ളവുമില്ലാത്തതാണ് വന്യ മൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. വേനല്‍ കടുത്തതോടെ കാട്ടു തീ പടര്‍ന്ന് പിടിക്കുന്നതും പ്രതികൂല സാഹചര്യമാണ്.
വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളില്‍ അടുത്ത നാളുകളായി വലിയ രീതിയിലുള്ള വന്യ മൃഗ ശല്യമാണ് ഉണ്ടാകുന്നത്. ചൂടിന്‍റെ കാഠിന്യം വന്‍ തോതില്‍ വര്‍ദ്ധിച്ചതും വന്യ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കാട്ടില്‍ തീറ്റയും വെള്ളത്തിന്‍റെ ലഭ്യതയും ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും കാട്ടില്‍ വേനല്‍കാലത്ത് മൃഗങ്ങള്‍ക്കായി വെള്ളം സംഭരിക്കുന്നതിനടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലലത്തില്‍ ഉണ്ടാകണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കടുത്ത വര്‍ള്‍ച്ചയില്‍ കാട്ടു പടര്‍ന്ന് പിടിക്കുന്നതും വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് തിരിച്ചടിയായി മാറുന്നുണ്ട്.
ഇതും വന്യ മൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമാതുന്നുണ്ട്. കാട്ടില്‍ തീറ്റ വച്ച് പിടിപ്പിക്കുന്നതിനും സ്വാഭാവീകമായ രീതിയില്‍ വെള്ളം സംഭരിക്കുന്നതിനടക്കം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വനം വകുപ്പിന് ഫണ്ടുണ്ടെങ്കിലും ഇത് ഫലപ്രഥമായി വിനിയോഗിക്കുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
കടുത്ത വരള്‍ച്ചയില്‍ കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതിനൊപ്പം വന്യ മൃഗങ്ങളും കൃഷിയിടത്തിലേയ്ക്കിറങ്ങുന്നത് പ്രതിരോധിക്കാന്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകരും.