ഇടുക്കി തൊടുപുഴയിൽ പട്ടാപകല്‍ നഗരമധ്യത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ തടഞ്ഞ് വച്ച് അപമാനിച്ച ശേഷം മര്‍ദ്ദിച്ചു. കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മര്‍ദ്ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമം നടന്നത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടക്കുന്ന വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയും മൂന്ന് സഹപാഠികളും ചേര്‍ന്ന് മങ്ങാട്ട് കവലയിലുള്ള സ്വകാര്യ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തി.
ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളില്‍ പെണ്‍കുട്ടിയുടെ തൊട്ടു പിറകിലിരുന്നയാള്‍ ദേഹത്ത് മനപ്പൂര്‍വ്വം ചാരിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ദേഹത്ത് തട്ടിയ യുവാവിനെ പെണ്‍കുട്ടി രൂക്ഷമായി നോക്കിയപ്പോള്‍ യുവാക്കള്‍ പരസ്യമായി അശ്ലീല പദ പ്രയോഗം നടത്തി.
ഇതോടെ വീണ്ടും തര്‍ക്കം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് തന്റെ കരണത്ത് അടിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ ഭയന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ നാല് പേരും കൂടി തടഞ്ഞ് വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
യുവാക്കളില്‍ ഒരാള്‍ കത്തിയെടുത്ത് വീശിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന് മുറിവേല്‍ക്കുകയും ചെയ്തു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ഒരാളുടെ ബൈക്ക് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത് തൊടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പടിയിലാകുമെന്നും പോലീസ് പറഞ്ഞു.