ഇസ്രയേലിന്റെ ജെറ്റ് ആക്രമണത്തില്‍ റാഫയില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ 24 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
140 ദിവസമായി ഗാസ്സയില്‍ തുടരുന്ന ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഹമാസ് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍ 24 ഓളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.
ഗാസയിലെ ദേര്‍ എല്‍-ബലാഹ് മേഖലയില്‍ കുടിയിറക്കപ്പെട്ടവര്‍ അഭയം പ്രാപിച്ച വസതിക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. സിവിലിയന്‍സിനുനേരെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷണങ്ങളും അവശ്യസാധനങ്ങളും എത്തിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ പ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസയുടെ യുദ്ധാനന്തര പദ്ധതിയെ പലസ്തീന്‍ അതോറിറ്റി വിമര്‍ശിച്ചു.
ഭൂരിഭാഗം പേരും ഭവനരഹിതരാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി ഹമാസിന്റെ ശക്തിയെ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അവരുടെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇസ്രായേലിന് സാധിക്കില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തില്‍ ഇതുവരെയുള്ള മരണസംഖ്യ 30,000ന് അടുത്തെത്തി. 29,606 പേരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്. ഇതുവരെ 69,737 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.