ഇസ്രയേലിനെതിരെ യാത്രാ വിലക്കേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. പലസ്തീനികള്‍ക്കെതിരെ അക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങളില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.
സിവിലിയന്‍സിനെതിരെ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ രംഗത്തെത്തിയത്. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധിനിവേശ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിനാല്‍ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവര്‍ക്ക് ന്യൂസിലന്‍ഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ന്യൂസിലന്‍ഡ് ആവശ്യപ്പെടുന്നു. അതേസമയം, പലസ്തീന്‍ പ്രതിരോധ സംഘമായ ഹമാസിനെ ന്യൂസിലന്‍ഡ് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2010 മുതല്‍ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലന്‍ഡ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞദിവസം ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. നൂറോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേല്‍ സൈന്യം നടത്തിയതെന്നാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിലൂടെ ചൂണ്ടാക്കാട്ടിയത്.