ഇന്ത്യന്‍ നാവിക സേനയുടെ കുന്തമുനയാകാന്‍ എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകള്‍. നാവിക സേനയുടെ കരുത്തും കുതിപ്പും വര്‍ദ്ധിപ്പിക്കുന്ന എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളുടെ കമ്മിഷനിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ഹെലികോപ്റ്ററിന്റെ നിര്‍മ്മാതാക്കള്‍ . 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.
ശത്രുവിന്റെ മടയില്‍ ചെന്ന് ആക്രമണം നടത്തി ഒരു പോറല്‍ പോലുമേല്‍ക്കാതെ മടങ്ങിയെത്തും.... സമുദ്രോപരിതലത്തില്‍ ശത്രു വിന്യസിക്കുന്ന കപ്പലുകളെ മാത്രമല്ല, കടലിനടിയില്‍ മറഞ്ഞിരിക്കുന്ന അന്തര്‍വാഹിനികളെയും കണ്ടെത്തി ആക്രമിക്കാന്‍ വേണ്ടത് മിനിറ്റുകള്‍ മാത്രം..യുഎസ് നിര്‍മിത എംഎച്ച് 60 റോമിയോ സീ ഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ ഇനി ഇന്ത്യന്‍ നാവികസേനയുടെ വജ്രായുധമാകും..
ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നു സ്വയം സംരക്ഷിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യ ഹെലികോപ്റ്ററാകുമ്പോള്‍ റോമിയോയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്...
യുഎസ് നിര്‍മിതമെങ്കിലും തദ്ദേശീയമായി നിര്‍മിച്ച ഒട്ടേറെ അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്. ഷാഫ്‌സ്, ഫ്‌ലെയര്‍ എന്നിവ അന്തരീക്ഷത്തിലേക്കു തുടരെ വര്‍ഷിച്ചു ശത്രുവിന്റെ റഡാറുകളെയും മിസൈലുകള്‍ ഉള്‍പ്പെടെ പോര്‍മുനകളെയും കബളിപ്പിച്ചു സ്വയരക്ഷ ഒരുക്കും.
കൃത്യമായി ലക്ഷ്യം കണ്ടു ശത്രുവിനെ തകര്‍ക്കാന്‍ 38 ലേസര്‍ ഗൈഡഡ് റോക്കറ്റുകള്‍, നാല് എംകെ 54 ടോര്‍പിഡോകള്‍, യന്ത്രത്തോക്കുകള്‍, തദ്ദേശ നിര്‍മിത അണ്ടര്‍ വാട്ടര്‍ ബോംബുകള്‍.... റോമിയോയിലെ ആയുധശേഖരത്തിന്റെ പട്ടിക നീളുകയാണ്.
അടുത്തയാഴ്ച ഐഎന്‍എസ് ഗരുഡയില്‍ എംഎച്ച് 60 റോമിയോ ഹെലികോപ്റ്റര്‍ സ്‌ക്വാഡ്രണ്‍ കമ്മീഷനിംഗ് പൂര്‍ത്തിയാകുമ്പോള്‍ സ്വപ്‌നങ്ങള്‍ ഉയരെ പറക്കും... ഉറപ്പ്, അഭിമാനവും വാനോളം ഉയരും....