ഗുരുവായൂർ മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പളിനെ ഓഫീസ് മുറിയിൽ കയറിഇടിക്കട്ട കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ..എളവള്ളി സ്വദേശികളായ മാനവ് , റിഷാന്‍, അഭിജിത്ത്, മുല്ലശേരി സ്വദേശി യദുകൃഷ്ണ, എന്നിവരാണ് പിടിയിലായത്.
ഗുരുവായൂർ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ.എസ്. ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 28 ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ സുഹൃത്തും സംഘവുമാണ് ആക്രമണം നടത്തിയത്..ഫീസ് കുടിശിക തീർക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ വിളിച്ചു വരുത്തിയിരുന്നതായി പറയുന്നു.
ഇതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.. കോളേജിന് അല്പം അകലെ പുന്നത്തൂർ റോഡിൽ ബൈക്കുകൾ നിർത്തിയ ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതികൾ കേളേജിലെത്തി മുറിയിൽ കയറി പ്രിൻസിപ്പൽ ഡേവിസിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ആക്രമികൾ ഓടി ബൈക്കിൽ കയറി രക്ഷപ്പെട്ടു.തുടർന്ന് കേസെടുത്ത ഗുരുവായൂർ ടെമ്പിൾ പോലീസ് മേഖലയിൽ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി.ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.