വീട്ടുമുറ്റം നിറയെ കടലാസു പൂക്കൾ.. അതും നൂറ്റിമുപ്പത്തിയഞ്ചിലധികം വൈവിധ്യമാർന്നവ..തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിന് സമീപം വലിയ കത്ത് നസീറിൻ്റെ ഭാര്യ സബീനയുടെ വീട്ടുമുറ്റത്താണ് വർണ വസന്തം വിതറി ബോഗൺവില്ലകൾ പൂത്തു നിൽക്കുന്നത്.
വീടിന് മുന്നിലൂടെ കടന്നുപോകുന്നവർ ഒരു നിമിഷമെങ്കിലും ഈ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുമെന്നതിൽ തർക്കമില്ല. കൃഷി ഏറെ ഇഷ്ടപ്പെടുന്ന സബീന രണ്ട് വർഷം മുമ്പാണ് ബോഗൻ വില്ല കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചത്. സമീപജില്ലകളിൽ നിന്നും മറ്റുമായി ശേഖരിച്ച തൈകൾ ഒരു പരീക്ഷണമെന്ന നിലയിൽ വളർത്തിയാണ് തുടക്കം.
ഹൈബ്രിഡ് ഇനങ്ങളായിരുന്നു കൂടുതൽ. ആദ്യ ശ്രമം വിജയിച്ചതോടെ വീടുൾപ്പെടെ നിൽക്കുന്ന എട്ട് സെൻ്റിൽ ചെറുതും, വലുതുമായ ചെടികളിൽ പൂക്കൾ നിറഞ്ഞു. കിട്ടാവുന്നിടത്തു നിന്നെല്ലാം ചെടികൾ വാങ്ങി. സ്വന്തമായി ഗ്രാഫ്റ്റിങ്ങും പരീക്ഷിച്ചതോടെ ഒരു ചെടിയിൽ തന്നെ അഞ്ചിലധികം ഇനങ്ങളുടെ പൂക്കളാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്നത്.
ഫയർ റെഡ്, റെയിൻബോ വാരിഗേറ്റഡ്, ഡെൽറ്റ യെല്ലോ, ക്രിസ്റ്റിന, ബ്ലാക്ക് മരിയ, അപൂർവ്വ ഇനങ്ങളിലൊന്നായ പേർഷ്യൻ വയലറ്റ് തുടങ്ങി വിദേശ രാജ്യങ്ങളിലുൾപ്പെടെ കാണുന്നവയെല്ലാം സബീനയുടെ വീട്ടിലുണ്ട്..
300 മുതൽ 12,000 രൂപ വരെ വിലയുള്ള ഇനങ്ങൾ ഇവിടെയുണ്ട്..സമൂഹമാധ്യമങ്ങളിലൂടെ ബോഗൻ വില്ല കൃഷിയെക്കുറിച്ചറിഞ്ഞതോടെ നിരവധി സന്ദർശകരാണ് പൂക്കൾ നിറഞ്ഞ ഈ വീട്ടിലേക്കെത്തുന്നത്. നേരത്തേ അറുപത്തിയഞ്ചിലധികം വൈവിധ്യമാർന്ന പച്ചമുളക് കൃഷി ചെയ്ത് ശ്രദ്ധ നേടിയ സബീന മഞ്ഞൾ കൃഷിയിലും നൂറു മേനി സ്വന്തമാക്കിയിട്ടുണ്ട്.
95 ലധികം വിദേശ രാജ്യങ്ങളിലെ നാണയങ്ങളും, മുപ്പത്തിയഞ്ചോളം രാജ്യങ്ങളിലെ കറൻസികളും സബീനയുടെ ശേഖരത്തിലുണ്ട്. പ്രവാസിയായ ഭർത്താവ് നസീറും, വിദ്യാർഥികളായ മൂന്ന് മക്കളും പൂർണ്ണ പിന്തുണയുമായി സബീനക്കൊപ്പമുണ്ട്. വീട്ടില്‍ ഇത്രയേറെ കടലാസ് പൂക്കളുണ്ടായിട്ടും ഇനിയും വൈവിധ്യമാർന്ന മറ്റിനങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് ഈ വീട്ടമ്മ.