ഡോക്ടർ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടിലാവുകയാണ് കണ്ണൂർ ഗവർണ്മെന്റ് മെഡിക്കല്‍ കോളേജിൽ ചികിത്സയിക്കായി എത്തുന്ന രോഗികൾ.പ്രതിമാസം 600 രോഗികളെത്തുന്ന ന്യൂറോ മെഡിസിൻ വിഭാഗത്തില്‍ ഒരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്.ഡോക്ടർമാരെ നിയമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്
കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരില്ല എന്ന പരാതി മാസങ്ങളായി ഉയരുകയാണ്. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പ്രതിമാസം 600 രോഗികളെത്തുന്ന ന്യൂറോ മെഡിസിൻ വിഭാഗത്തില്‍ ഒരു ഡോക്ടർ മാത്രമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയത്.
ചില മാസങ്ങളില്‍ 600 ല്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെ ന്യൂറോ മെഡിസിൻ വിഭാഗത്തെ തേടിവരുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ മാത്രം പ്രവർത്തിക്കുന്ന ന്യൂറോ മെഡിസിൻ ഒ.പിയില്‍ 120 കൂടുതല്‍ രോഗികളാണ് ചികിത്സ തേടി വരുന്നത്.
കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ഒറ്റ ഡോക്ടർ മാത്രമാണ് സേവനത്തിനായിയുള്ളത്. ന്യൂറോ മെഡിസിന്‍റെ പ്രതിദിവസ ഔദ്യോഗിക സമയം എട്ടു മുതല്‍ നാലു വരെ മാത്രമാണ്. എന്നാല്‍, ഔദ്യോഗിക സമയത്തിന് പുറമേ ന്യൂറോ മെഡിസിനിലുള്ള ഒറ്റയാള്‍ ഡോക്ടർ നാലു മണിക്കൂർ വരെ അധിക ജോലി ചെയ്താണ് രോഗികളെ പരിശോധിക്കുന്നത്.
ഈ ഡോക്ടറെ കാണാൻ ഇതര ജില്ലകളില്‍ നിന്നുള്ളവർ ഉള്‍പ്പെടെ പരിയാരത്തെത്തുന്നുണ്ട്.സർക്കാറിന്റെ അനാസ്ഥ കാരണം ഡോക്ടർ ഏറെ ബുദ്ധിമുട്ടുന്നതായി രോഗികള്‍ പറയുന്നു. രോഗികള്‍ക്ക് അധികം കാത്തിരിക്കാതെ ചികിത്സ ലഭ്യമാക്കാൻ ന്യൂറോ മെഡിസിൻ വിഭാഗത്തില്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടർമാരെ നിയമിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി, മെഡിക്കല്‍ എജുക്കേഷൻ ഡയറക്ടർ, കണ്ണൂർ ജില്ല മെഡിക്കല്‍ ഓഫിസർ, എംപ്ലോയ്മന്റ് ഡയറക്ടറേറ്റ്, ഗവ. മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവർക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.