പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെതിരെ പ്രതിഷേധ മാർച്ച് നയിച്ച് വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ. കെ. കെ.ശൈലജയുടെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ തലശ്ശേരി നഗരത്തിലാണ് സി.എ.എ ക്കെതിരെ ഇരു മുന്നണികളുടെയും നൈറ്റ് മാർച്ചുകൾ നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി ഉള്ള വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മതേതരത്വ ശക്തികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കോൺഗ്രസും സിപിഐഎമ്മും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള മതേതര കക്ഷികളുടെ നേതൃത്വം പരസ്യമായി തന്നെ ഈ നീക്കത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. അതിനിടയാണ് വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും ഇതിനെതിരെ നൈറ്റ് മാർച്ചുകൾ സംഘടിപ്പിച്ചത്. കെ കെ ശൈലജ നയിച്ച നൈറ്റ് മാർച്ചിൽ കാരായി രാജനടക്കമുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു.
ഷാഫി പറമ്പിൽ നയിച്ച നൈറ്റ് മാർച്ചിൻ്റെ ദീപശിഖ കണ്ണൂർ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുല്ല, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് എന്നിവരാണ് കൈമാറിയത്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ നയിച്ച നൈറ്റ് മാർച്ചുകളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് എൽഡിഎഫിന്റെ യുഡിഎഫിന്റെയും നൈറ്റ് മാർച്ചുകളിലൂടെ തലശ്ശേരി നഗരം നൽകിയത്.