Share this Article
കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ.രാഘവന്‍ എം.പി
MK Raghavan MP made serious allegations against Kozhikode Medical College authorities

കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ.രാഘവൻ എം.പി.  ക്യാൻസർ, ഡയാലിസിസ് തുടങ്ങിയ രോഗികൾക്ക് ഉൾപ്പെടെ സഹായകരമായ റെയിൽവേ റിസർവേഷൻ കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടും മെഡിക്കൽ കോളേജ് അധികൃതർ അനുമതി നൽകിയില്ല. കുറച്ചുദിവസം കൂടി കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം.കെ.രാഘവൻ മുന്നറിയിപ്പ് നൽകുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിനെതിരെ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിലാണ് എംകെ രാഘവൻ എംപി മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഉൾപ്പെടെ ഗുണപ്രദമായ രീതിയിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ ഉണ്ടായിരുന്നു.

റെയിൽവേ നേരിട്ട് വാടകയ്ക്കായിരുന്നു ഇത് നടത്തിയിരുന്നത്. എന്നാൽ പിന്നീട് റെയിൽവേ മന്ത്രാലയം ചെലവ് ചുരുക്കൽ നയം നടപ്പാക്കിയതോടെ വടകക്കെട്ടിടങ്ങൾ ഒഴിവാക്കപ്പെട്ടു. അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ഈ റെയിൽവേ റിസർവേഷൻ കേന്ദ്രത്തിൻ്റെ പ്രവർത്തനവും നിലച്ചു.

ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കെട്ടിടം എടുത്തു തന്നാൽ റെയിൽവേ റിസർവേഷൻ കേന്ദ്രത്തിന് അനുമതി നൽകാമെന്ന് സ്ഥലം എംപിയായ എം.കെ.രാഘവന് ഉറപ്പ് ലഭിച്ചു. അതിൻറെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ഉപയോഗശൂന്യമായ ഒരു കെട്ടിടം സന്നദ്ധ സംഘടനകളുമായി ചേർന്ന് നവീകരിച്ചു.

റെയിൽവേ മന്ത്രാലയം ഇത് പരിശോധിച്ച് ഇവിടത്തേക്ക് ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ഉൾപ്പെടെ നൽകി. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർ ഇതിന് പ്രവർത്തന അനുമതി നൽകിയില്ല എന്നതാണ് എംകെ രാഘവൻ എം.പി ആരോപണമായി ഉന്നയിച്ചിരിക്കുന്നത്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച ഫയൽ പിടിച്ചു വച്ചിരിക്കുകയാണ് എന്ന തെറ്റായ വാദമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ഉന്നയിച്ചതെന്നും എം.കെ.രാഘവൻ ആരോപിക്കുന്നു.

വിദൂരങ്ങളിൽ നിന്നുപോലും ഡയാലിസിസിനും ക്യാൻസർ ചികിത്സയ്ക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തുന്ന രോഗികൾക്കാണ് റെയിൽവേ റിസർവേഷൻ കേന്ദ്രംകൊണ്ട് ഏറെ ഗുണം ഉണ്ടായിരുന്നത്. എന്നാൽ അധികൃതരുടെ കൊടിയ അനാസ്ഥ സ്ഥലം എംപി തന്നെ ആരോപണമായി പുറത്തു പറഞ്ഞതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് അത് വഴി തുറന്നിരിക്കുന്നത്.             

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories