Share this Article
ഓയിലും ഗ്രീസും പുരണ്ട കൈകള്‍ക്ക്‌ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച്‌ മേജോ
Majo has proven that oil and grease stained hands can yield vibrant pictures

വർക്ക് ഷോപ്പ്  മെക്കാനിക്കായ തൃശൂർ അരിമ്പൂർ സ്വദേശി മേജോയ്ക്ക് ജോലികൾ തീർത്ത് വേഗം ഒന്ന് വീടെത്താൻ  തിടുക്കമാണ്. വിശ്രമിക്കാനാണ് എന്ന് കരുതിയെങ്കിൽ തെറ്റി. മണിക്കൂറുകൾ ചിലവഴിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ആനന്ദം കണ്ടെത്തുകയാണ് മേജോ എന്ന യുവാവ്.

അരിമ്പൂരിലെ സ്വന്തം കടയിൽ പുലിക്കോട്ടിൽ മേജോ ജോലിത്തിരക്കിലാണ്. ഇരുചക്ര വാഹന മെക്കാനിക്കാണ് ഈ യുവാവ്. ഓയിലും ഗ്രീസും പുരണ്ട തന്റെ കൈകൾക്ക് മനോഹര ചിത്രങ്ങൾ തീർക്കാനും  കഴിയുമെന്ന് മേജോ തെളിയിക്കുന്നു. വൈകീട്ട് കട അടച്ചു കഴിഞ്ഞ് വീടെത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ കളറുകളും ബ്രഷും എടുത്ത് മേജോ മറ്റൊരു ലോകത്തേക്ക് യാത്രയാകും. അതെ വർണങ്ങളുടെ മനോഹര ലോകത്തേക്ക്.

ക്ഷമയോടെ മണിക്കൂറുകൾ ഉറക്കമൊഴിച്ച് ഓരോ ചിത്രങ്ങൾ വരച്ചു തീർക്കുമ്പോഴും ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന ഒരു ജീവതാളം മേജോയുടെ ഓരോ ചിത്രങ്ങൾക്കുമുണ്ട്.ഒറിജിനലിനെ വെല്ലുന്ന ചിത്രം എന്ന് അക്ഷരാർത്ഥത്തിൽ ഈ ചിത്രങ്ങൾ ബോധ്യപ്പെടുത്തും. ചരിത്ര പുരുഷന്മാർ, പ്രശ്‌സ്‌ത നടീ നടൻമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ നൂറിലധികം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം വരച്ചിട്ടുണ്ട്.

കളർ പെൻസിൽ, പെൻസിൽ ഡ്രോയിങ്ങ്, ഓയിൽ പെയിന്റിങ്ങ് എന്നിവയിലാണ് ചിത്രങ്ങൾ മുഴവൻ വരച്ചിട്ടുള്ളത്. മുഖചിത്രങ്ങളാണ് കൂടുതലും. ചെറുപ്പം മുതൽ ചിത്രരചനയിൽ തൽപ്പരനായിരുന്ന മേജോ നാല്  വർഷമായിട്ടാണ് വരയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

വർക്ക് ഷോപ്പ് പണി കഴിഞ്ഞ് വന്ന് രാത്രി പന്ത്രണ്ട് മണി വരെയാണ് ചിത്രരചന. ഓരോ ചിത്രങ്ങളും പൂർത്തിയാക്കാൻ നാല് ദിവസം വരെ എടുക്കും. ലോക് ഡൗണിൽ ഒഴിവു സമയം കിട്ടിയതോടെ കൂടുതൽ ചിത്രങ്ങൾ വരക്കാൻ കഴിഞ്ഞതായി മേജോ പറയുന്നു.

മമ്മൂട്ടി, മഞ്ജു വാര്യർ, ബിജു മേനോൻ, മധു, ടൊവിനോ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും മേജോ വരച്ച ചിത്രങ്ങളിൽ ശ്രദ്ധ നേടിയവയാണ്. ലാൽ ജോസ്, കോട്ടയം നസീർ, ഗിന്നസ് പക്രു തുടങ്ങിയവർ മേജോ വരച്ചു നൽകിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories