Share this Article
image
നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ NDA മുന്നണി
NDA front failed to announce candidates in four constituencies

തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോഴും നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ എൻ ഡി എ മുന്നണി. മറ്റ് പാർട്ടികളിൽ നിന്നും എത്തുന്നവർക്ക് പരിഗണന നൽകുന്നതിൻ്റെ ഭാഗമായാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്നാണ് ആക്ഷേപം. സ്ഥാനമോഹികള്‍ക്കായി സീറ്റ് മാറ്റിവയ്ക്കുന്നതില്‍ പ്രവർത്തകരിലും അസംതൃപ്തി ഉണ്ട്.

മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ ബി.ജെ.പി മത്സരിക്കുന്ന എറണാകുളം, ആലത്തൂര്‍, കൊല്ലം, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനിയും  പ്രഖ്യാപിക്കാനുള്ളത്. മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള പ്രമുഖരെ ചൂണ്ടയിട്ടാണ് എൻ ഡി എ യുടെയും ബിജെപിയുടെയും കാത്തിരിപ്പ്. ഇവര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും ഇവര്‍ക്കായാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിനെതിരെ മുറുമുറുപ്പ് ശക്തമാണ്. ദീര്‍ഘകാലമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് സ്ഥാനമോഹികള്‍ക്കായി സീറ്റ് മാറ്റിവയ്ക്കുന്നതിലും ചില നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തി യുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല

 പത്മജ വേണുഗോപാല്‍ പാര്‍ട്ടിയിലെത്തിയതോടെ കൂടുതല്‍ പേര്‍ ഉടന്‍ പാര്‍ട്ടിയിലെത്തുമെന്നും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനം നടത്തി. പത്മജയും പൊതുപരിപാടികളില്‍ പത്മജ  ഇത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി ആരെന്ന് പറയാതെ പ്രചാരണം നടത്തേണ്ട ഗതികേടിലാണ് അണികൾ .

അതേസമയം ഇനിയും ആരെയും കാത്തിരിക്കാതെ ഉടനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുമ്പോള്‍ മുന്‍ തെരഞ്ഞെടുപ്പിനുനേടിയ വോട്ടുപോലും പെട്ടിയിലാക്കാന്‍ കഴിയില്ലേ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍..        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories