കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനുനേരെ ജാതി - വര്‍ണ്ണ അധിക്ഷേപവുമായി നര്‍ത്തകി സത്യഭാമ.. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും, രാമകൃഷ്ണന്‍റെ നൃത്തം പെറ്റ തള്ള സഹിക്കൂല്ല എന്നുമായിരുന്നു സത്യഭാമയുടെ പരാമർശം.ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു സത്യഭാമ വിവാദ പരാമർശം നടത്തിയത്... സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇത്തരം പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍.എല്‍.വി രാമകൃഷ്ണൻ പറഞ്ഞു. സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.
അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും വസ്തുതയില്ലെന്നുമായിരുന്നു സത്യഭാമയുടെ വിശദീകരണം. അതേസമയം സത്യഭാമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.